ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
തിരുമുറ്റത്തെത്തുവാൻ മോഹം...."
1982 ൽ പുറത്തിറങ്ങിയ "ചില്ല്" എന്ന ചിത്രത്തിൽ, മലയാള കവിതയിൽ "ഉപ്പ്" ചേർത്ത് അനുവാചകനെ "ഉജ്ജയനി" യിലേക്ക് കൂട്ടിക്കൊണ്ടു പോയ മലയാളത്തിന്റെ പ്രിയ കവി ശ്രീ.ഒ.എൻ.വി.കുറുപ്പ് സാറിന്റെ ഈ വരികൾ ജാനകിയമ്മ മനോഹരമായി പാടിയത് കേൾക്കുമ്പോഴെല്ലാം നമ്മുടെ മനസ്സ് പലവട്ടം ഓടിയെത്താൻ കൊതിക്കുന്ന കലാലയത്തിന്റെ തിരുമുറ്റത്ത് എത്താറുണ്ട്. കൊട്ടാരക്കര SG കോളേജ് സ്മരണകൾക്ക് ഇടവപ്പാതി മഴയുടെ തണുപ്പാണ്...യവ്വനം നിറം മങ്ങി തുടങ്ങിയ സ്‌ലേറ്റു പോലെയും !! അന്നത്തെ ഓർമ്മകൾ ആ സ്‌ലേറ്റിലെ അക്ഷരങ്ങൾ പോലെയുമാണ്.ആ നനുത്ത ഓർമ്മകളിലേക്ക് ഊളിയിടുമ്പോൾ മനസിൽ തെളിഞ്ഞു വരുന്നത് നീണ്ട വരാന്തയോട് കൂടിയ,മരങ്ങൾക്കിടയിൽ നിഴൽ വീണ ഒറ്റനിലയുള്ള കെട്ടിടം ആണ്.1885 മുതൽ 1988 വരെ രണ്ടാം വീടായ കലാലയത്തിൽ BA (പൊളിറ്റിക്കൽ സയൻസ്) വിദ്യാർഥിയായിരുന്നു.
ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസ്സ്.രാവിലെ 8 മുതൽ ഉച്ചക്ക് ഒരു മണിവരെ. പ്രിൻസിപ്പൽ വര്ഗീസ് അച്ഛൻ. Department head ജോർജ് അച്ഛൻ(കറ്റാനം) പൊളിറ്റിക്സ് ആധ്യാപകരായി രാജഗോപാൽ സാർ, ജോർജ് സാർ, ബേബി അച്ഛൻ. ജോർജ് അച്ഛന്റെ ക്ലാസ്സുകൾ എന്നും പ്രചോദനം ആയിരുന്നു.ഇംഗ്ലീഷ് അധ്യാപകരായ തരകൻ സാർ,ഉണ്ണികൃഷ്ണൻ സാർ, ജെസ്സി ടീച്ചർ,മലയാളം അധ്യാപകരായ നമ്പൂതിരി സാർ, ജോണ് കുരാക്കാർ സാർ,ജോസ്‌കുട്ടി സാർ, ലളിതാംബിക ടീച്ചർ,അന്നമ്മ ടീച്ചർ, ചരിത്രം പഠിപ്പിച്ച കൊച്ചുകോശി സാർ ,എക്കണോമിക്സ് കൈകാര്യം ചെയ്ത നൈനാൻ അച്ഛൻ ഇവരെയൊക്കെ എങ്ങനെ മറക്കാനാണ്?
അവർ പകർന്നു നൽകിയ അറിവും,സ്നേഹവും വാത്സല്യവും ഒക്കെയാണ് ജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് നൽകുന്നത്. 21 ആം വയസ്സിൽ MA ക്കു പഠിക്കുമ്പോൾ റെവന്യൂ വകുപ്പിൽ ക്ലാർക്ക് ആയി ജോലി കിട്ടി ഇന്ന് ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ ജോലി ചെയ്യുമ്പോൾ, തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം ഒപ്പം ദൈവത്തിന്റെ കടാക്ഷവും.
ഇവിടെയെന്റെ ആത്മാവുണ്ട്.മനസ്സിനുള്ളിൽ താലോലിച്ചു കൊണ്ടിരുന്ന കറയറ്റ സൗഹൃദത്തിന്റെ ഒരിക്കലും അവസാനിക്കാത്ത തൂവൽ സ്പർശം പോലെ...അക്ഷരങ്ങളാൽ കോറിയിടാൻ കഴിയാത്ത മിഴികൾ കൊണ്ടും ഹൃദയം കൊണ്ടും മാത്രം അനുഭവിച്ചറിയാൻ കഴിയുന്ന,മനസെന്ന ചിമിഴിൽ അടച്ചു വച്ച നിധി പോലെ....!!!!
B.ANILKUMAR DEPUTY COLLECTOR